തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് തിക്കും തിരക്കും ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്‌ടറോട് വിശദീകരണം തേടിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്‌ഥർ കൂട്ടത്തോടെ എത്തിയതാണ് തുടക്കത്തിൽ പ്രശ്‌നമായത്. പ്രശ്‌നം പരിഹരിച്ചതായി കളക്‌ടർ അറിയിച്ചിട്ടുണ്ട്. പേടി കൂടാതെ എല്ലാവരും നാളെ പോളിംഗ് ബൂത്തിലെത്തണമെന്നും പോസ്‌റ്റൽ വോട്ട് അപേക്ഷകർ ഒരു സ്‌ഥലത്ത് മാത്രം അപേക്ഷ നൽകിയാൽ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ പറഞ്ഞു.
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്‌ഥർ സാമൂഹിക അകലം പാലിച്ചിരുന്നില്ല. കോവിഡ് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്‌ഥരും ഇല്ലായിരുന്നു.
അതേസമയം, സംസ്‌ഥാനത്ത് നാളെ നടക്കാന്‍ പോകുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഓരോ കേന്ദ്രങ്ങളിലും പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. 5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി 24,582 സ്‌ഥാനാര്‍ഥികളാണ് മൽസരിക്കുന്നത്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്.
Also Read: ഗോൾവാൾക്കർ വിവാദം; കേരളം എതിർക്കാൻ രണ്ട് കാരണങ്ങൾ; വ്യക്‌തമാക്കി ധനമന്ത്രി








































