ന്യൂഡെൽഹി: ബിബിസിക്കെതിരെ നിയമനടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം (വിദേശ വിനിമയ ചട്ടം) ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ വിദേശ പണമിടപാടുകൾ ഇഡി പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബിബിസിക്കെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരോട് ഇഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്.
ബിബിസി ന്യൂഡെൽഹി, മുംബൈ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്നു ആഴ്ചകൾക്ക് ശേഷമായിരുന്നു പരിശോധന. ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്നാണ് വ്യാപക ആരോപണം ഉയർന്നിരുന്നത്.
Most Read: ജാമ്യ വ്യവസ്ഥയിൽ ഇളവ്; മദനിയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ







































