കണ്ണൂര്‍: തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം. അഞ്ചംഗ സംഘം സെയിൽസ്‌മാനെ മർദ്ദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കണ്ണൂര്‍ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെസ്‌ക് മെൻസ് വെയർ റെഡിമെയ്‌ഡ് കടയിലാണ് സംഭവം.
സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഒരു സംഘം യുവാക്കളെത്തി റെഡിമെയ്‌ഡ് ഷോപ്പ് അടിച്ച് തകര്‍ത്ത് സെയിൽസ്‌മാൻ റഹീമിനെ മർദ്ദിച്ചത്. വൈകിട്ട് തൊട്ടടുത്ത കടയിലെ ജീവനക്കാരൻ അജ്‌മലുമായി ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വാക്കു തര്‍ക്കത്തിന് പിന്നാലെ പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി വന്ന അജ്‌മൽ റഹീമിനെ തുണിക്കടയ്‌ക്ക് അകത്ത് കയറി മർദ്ദിക്കുകയായിരുന്നു. റഹീമിന്റെ മുതുകിലും, ചെവിയുടെ ഭാഗത്തും അടിയേറ്റ് പരിക്കുകളുണ്ട്. അക്രമികൾ കടയിലെ ഗ്ളാസ് മേശ തകർക്കുകയും, ഡ്രസുകൾ വലിച്ചെറിയുകയും ചെയ്‌തു.
ബഹളം കേട്ട് ആളുകളെത്തിയപ്പോഴേക്കും പ്രതികൾ സ്‌ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. റഹീമിന്റെ പരാതിയിൽ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Health News: ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ






































