ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ

By Staff Reporter, Malabar News
Ajwa Travels

നമ്മുടെയെല്ലാം വീടുകളിലെ സ്‌ഥിര സാന്നിധ്യങ്ങളാണ് മഞ്ഞളും ചുക്കും മല്ലിയുമെല്ലാം. അടുക്കളയിലെ ഈ അവിഭാജ്യ ഘടകങ്ങൾ ആരോഗ്യ പരിപാലനത്തിനും അത്യുത്തമമാണ്. ആരോഗ്യ സംരക്ഷണത്തിൽ ഇവയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മഞ്ഞൾ

ഇഞ്ചിയുടെ വർഗത്തിൽപ്പെട്ട ചെടിയാണ് മഞ്ഞൾ. ഭക്ഷണത്തിൽ നിറത്തിനും രുചിക്കുമൊക്കെ വേണ്ടി ചേർക്കുന്ന മഞ്ഞൾ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Turmeric

  • ഒരു ടീസ്‌പൂൺ നെല്ലിക്ക നീരിൽ ആവശ്യത്തിന് മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും കഴിക്കുന്നത് പ്രമേഹവും അനുബന്ധ രോഗങ്ങളും നിയന്ത്രിക്കുന്നതിന് സഹായകമാണ്.
  • അൽപം നീരിൽ മഞ്ഞൾപ്പൊടി അരച്ച് കുറച്ച് ഇന്തുപ്പും ചേർത്ത് ചൂടാക്കി ലേപനം ചെയ്‌താൽ സന്ധിവീക്കത്തിന് ശമനം കിട്ടും.
  • ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേർത്ത് ദിവസവും കഴിക്കുന്നത് തൊണ്ട ചൊറിച്ചിലും തൊണ്ടവേദനയും മാറാൻ ഉത്തമമാണ്. തേനിന് പകരം പാലിൽ തിളപ്പിച്ച് കുടിക്കുകയും ചെയ്യാം. മഞ്ഞൾപ്പൊടിയും ഉപ്പും ചെറുചൂടുവെള്ളത്തിൽ ചേർത്ത് വായിൽ പിടിക്കുന്നതും ഗുണം ചെയ്യും.
  • മുഖസൗന്ദര്യത്തിനും മഞ്ഞൾ ഉത്തമമാണ്. മഞ്ഞൾപ്പൊടി, ചെറുനാരങ്ങാനീര്, കറ്റാർവാഴ, തേൻ എന്നിവ സമം ചേർത്ത് ദിവസവും മുഖത്ത് പുരട്ടാം.

ചുക്ക്

ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് എന്നറിയപ്പെടുന്നത്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. സുഗന്ധ ദ്രവ്യമായും ഔഷധമായും ഇത് ഉപയോഗിക്കുന്നു.

dry ginger

  • അഞ്ച് ഗ്രാം ചുക്ക് മൂന്നു ഗ്ളാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ളാസാക്കി അതിൽ കൽക്കണ്ടം പൊടിച്ചുചേർത്ത് ദിവസവും രണ്ടുനേരം കുടിക്കുന്നത് ചുമയ്‌ക്ക് ശമനം നൽകും. ചുക്കും ജീരകവും പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
  • വയറുവേദന മാറാൻ ചുക്ക് ചുട്ടെടുത്ത് പൊടിയാക്കി തേനിൽ ചാലിച്ച് ദിവസവും കഴിക്കുക.
  • ചക്കപ്പഴം, മാമ്പഴം എന്നിവ അധികമായി കഴിച്ച് വയറുവേദന ഉണ്ടായാൽ ചുക്കുപൊടി ചെറു ചൂടുവെള്ളത്തിലോ തേനിലോ കഴിക്കുക.
  • തുമ്മലിന് ശമനം കിട്ടാൻ ഒരു ടീസ്‌പൂൺ നെയ് ചൂടാക്കി അതിൽ ആവശ്യത്തിന് ചുക്കുപൊടി ചേർത്ത് ദിവസവും അതിരാവിലെ കഴിക്കാം.
  • പിത്തത്തിന്റെ ആധിക്യത്തോടുകൂടിയ തലവേദന മാറുന്നതിന് ചുക്കും ചന്ദനവും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുന്നത് ഫലപ്രദമാണ്.

മല്ലി

മല്ലിയിലും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും ചെറിയ അളവിലെങ്കിലും മല്ലിയിലുണ്ട്. നാം കറികളിൽ പച്ച മല്ലിയും, മല്ലി വറുത്തു പൊടിയാക്കിയതും ഉപയോഗിക്കാറുണ്ട്.

coriander

  • അമിത ദാഹത്തിന് ഫലപ്രദമാണ് മല്ലി. ഇതിനായി തലേദിവസം വൈകുന്നേരം മല്ലി ചതച്ച് വെള്ളത്തിൽ ഇട്ടുവെക്കുക. അടുത്ത ദിവസം രാവിലെ വെള്ളം അരിച്ചെടുത്ത് കൽക്കണ്ടം ചേർത്ത് പലപ്രാവശ്യമായി കുടിക്കുക.
  • കുട്ടികൾക്കുണ്ടാകുന്ന ചുമയ്‌ക്കും മല്ലി ഔഷധമാണ്. മല്ലി അരിക്കാടി വെള്ളത്തിൽ അരച്ച് കൽക്കണ്ടപ്പൊടി ചേർത്ത് കുട്ടികൾക്ക് കൊടുക്കുക.
  • വായ്‌പുണ്ണിന് ശമനമുണ്ടാകാൻ മല്ലി നല്ലതുപോലെ അരച്ച് വായിൽ പുരട്ടുകയും കവിൾ കൊള്ളുകയും ചെയ്യുക. മോണപ്പഴുപ്പിനും ഇത് ഉപയോഗിക്കാം.
  • സന്ധിവീക്കത്തിനും ഇത് ഔഷധമാണ്. മല്ലി നല്ലതുപോലെ പൊടിയാക്കി മുറിവെണ്ണയിൽ ചാലിച്ച് ചൂടാക്കിയ ശേഷം സന്ധിവീക്കമുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഫലം ചെയ്യും.

Most Read: എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE