മലപ്പുറം: കൗതുകവും രുചികരവുമായ ‘വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‘ അതീവ ഗുരുതരം. ചിലരിൽ വളരെ വേഗത്തിലും കൂടുതൽ ആളുകളിൽ കുറച്ചുനാളുകൾ കഴിഞ്ഞും അപകടങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ ബിസ്‌കറ്റ്.
ചിലരിൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും. മറ്റുചിലരിൽ വയറുവേദന ഉൾപ്പടെയുള്ള ലക്ഷണങ്ങൾ കാണിക്കും. മറ്റു ചിലരിൽ കുറച്ചുനാൾ കഴിയുമ്പോൾ കുടലിലും മറ്റും അസുഖങ്ങൾ ഉണ്ടാക്കും. നിലവിൽ ഈ ഭക്ഷ്യവസ്‌തുക്കൾ നിരോധിച്ച കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്. ലിക്വിഡ് നൈട്രജനാണ് ബിസ്‌ക്കറ്റിനു വെളുത്ത പുക നൽകുന്നത്. ഈ രസവസ്‌തു ശരീരത്തിന് വലിയ കേടുപാടുകൾ സൃഷ്‌ടിക്കുന്നതാണ്.
ജില്ലയിലെ പുതിയങ്ങാടി നേർച്ചയിലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥർ ഇത് കണ്ടെത്തിയത്. തൃശൂരിൽനിന്നുള്ള ചിലരാണ് ഇവിടെയെത്തി പുകയുള്ള ബിസ്‌കറ്റ് വിൽപന നടത്തിയിരുന്നത്. പരിശോധനയിൽ പുകയ്‌ക്ക് കാരണം ലിക്വിഡ് നൈട്രജനാണെന്നു കണ്ടെത്തിയതോടെ ഇവിടെയുള്ള കട പൂട്ടിച്ചു.
സ്‌റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് ബിസ്‌കറ്റിൽ ആക്കും. ഇത് അന്തരീക്ഷ ഊഷ്‌മാവിൽ എത്തുന്നതോടെ ഇതിൽനിന്ന് പുക ഉയരും. ഇതാണ് വായിലിട്ടാൽ പുകവരുന്നതായി തോന്നാൻ കാരണം. ഇത് ഏതെങ്കിലും പ്രമുഖ കമ്പനികൾ ഇറക്കുന്ന ബിസ്‌ക്കറ്റല്ല. പകരം പ്രാദേശികമായി, ശാസ്‌ത്രീയ അറിവുകളില്ലാത്ത കച്ചവടക്കാർ ചെയ്യുന്ന അപകടം പിടിച്ച പരിപാടിയാണിത്.
ഭക്ഷ്യവസ്‌തുക്കൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോൾ കേടുവരാതെ ശീതീകരിച്ചു സൂക്ഷിക്കാനും മറ്റു നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ് ലിക്വിഡ് നൈട്രജൻ. അല്ലാതെ അത് ഭക്ഷണത്തിൽ നേരിട്ട് ഉൾപ്പെടുത്താൻ സാധിക്കുന്ന രാസവസ്‌തുവല്ല.
MOST READ | ഈദ്ഗാഹ് കൃഷ്‌ണഭൂമിയായി പ്രഖ്യാപിക്കണം; തള്ളി സുപ്രീംകോടതി