ന്യൂഡെൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസ് സിബിഐക്ക് വിട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
കേസിൽ രണ്ടു ദിവസം മുൻപ് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടു മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ അഭാവത്താൽ ആണെന്നായിരുന്നു മണിപ്പൂർ പോലീസിന്റെ വിശദീകരണം.
അതിനിടെ, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മെയ്തേയ്- കുക്കി വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്. രഹസ്യാന്വേഷണ വിഭാഗം മുൻ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് സർക്കാർ ചർച്ച നടത്തുന്നത്. കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്.
തുടർച്ചയായ സംഘർഷങ്ങൾ ഉണ്ടാകുന്നതാണ് മണിപ്പൂരിലെ പ്രധാന വെല്ലുവിളി. ഇന്ന് പുലർച്ചെ ചുരാചന്ദ്പുർ- ബിഷ്ണുപുർ അതിർത്തിയിൽ വെടിവെപ്പുണ്ടായി. കഴിഞ്ഞ ദിവസം തെങോപാലിലെ മൊറേയിൽ കുക്കി വിഭാഗക്കാർ മാർക്കറ്റും വീടുകളും കത്തിച്ചിരുന്നു. സുരക്ഷാ സേനയുമായും ഇവർ ഏറ്റുമുട്ടി. അതിനിടെ, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാർട്ടിയിൽ നിന്ന് ബീഹാർ ബിജെപി വാക്താവ് രാജിവെച്ചു. വിനോദ് ശർമയാണ് രാജിവെച്ചത്.
NATIONAL| ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി; മിശ്രയ്ക്ക് സെപ്റ്റംബർ 15 വരെ തുടരാം









































