ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) മുതിർന്ന ടീം അംഗം വിരാട് കോലിക്കെതിരെ പോലീസിൽ പരാതി. സംഭവിച്ച ദുരന്തത്തിന് കോലി ഉത്തരവാദിയാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ എച്ച്എം വെങ്കിടേഷ് ആണ് പോലീസിൽ പരാതി നൽകിയത്.
കബർ പാർക്ക് പോലീസിലാണ് പരാതി നൽകിയത്. അതേസമയം, പരാതിയിൽ ഇതുവരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനെ സംസ്‌ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്‌റ്റിസ് ജോൺ മൈക്കൽ ഡി കുൽഹയാണ് ഏകാംഗ കമ്മീഷൻ.
ആർസിബിയുടെ ഐപിഎൽ കിരീട നേട്ടത്തിന്റെ ആഘോഷ പരിപാടിക്കിടെയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 13 വയസുകാരി ഉൾപ്പടെ 11 പേർ മരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി സർക്കാരിനോട് റിപ്പോർട് തേടിയിട്ടുണ്ട്. പത്തിനകം റിപ്പോർട് നൽകണം.
സംഭവത്തിൽ നാലുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ, ഇവന്റ് മാനേജ്‍മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡണ്ട് സുനിൽ മാത്യു, പ്രതിനിധികളായ കിരൺ, സുമന്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദയുൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
Most Read| ഒടുവിൽ വഴങ്ങി; ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്