മലപ്പുറം: വിസ വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ട്രാവൽസ് ഉടമ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് കുഞ്ഞുട്ടി ആണ് പിടിയിലായത്. തൃശൂർ ചേലക്കര ടൗണിൽ പ്രവർത്തിക്കുന്ന രഹ്ന ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. വിവിധ ജില്ലകളിലെ നാനൂറോളം പേരിൽ നിന്നായി കോടികളാണ് ഇയാൾ തട്ടിയെടുത്തത്. ഇന്നലെ പുലർച്ചെ ഷൊർണൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഖത്തറിലെ ആർമി ക്യാമ്പിലേക്ക് വിവിധ തസ്തികകളിൽ ജോലിക്കായി വിസ വാഗ്ദാനം നൽകിയാണ് ഇയാൾ പണം തട്ടിയത്. പണം തട്ടിയെടുത്ത ശേഷം വിവിധ ലോഡ്ജുകളിലായി ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. വിസയ്ക്കായി പണം നൽകിയ കാസർഗോഡ്, വയനാട്, മലപ്പുറം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്ന് ഇയാളെ അന്വേഷിച്ച് നിരവധിപേർ ചേലക്കരയിലെ ട്രാവൽസിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് തങ്ങൾ പണം നൽകിയതെന്ന് പരാതിക്കാർ പോലീസിനോട് പറഞ്ഞു. തുടർന്ന്, ഇയാൾക്കെതിരെ പരാതികൾ കൂടിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചേലക്കര പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 36 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, മലപ്പുറം ജില്ലയിലെ കോട്ടക്കൽ, തിരൂരങ്ങാടി പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ എൽപി വാറണ്ട് ഉള്ളതായും പോലീസ് പറഞ്ഞു.
Most Read: ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ കഥമാറും, ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമർശനം




































