കണ്ണൂർ: പ്രണയപ്പകയിൽ കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ കൊലയാളി കൂത്തുപറമ്പ്, മാനന്തേരി സ്വദേശി ശ്യാം എന്നുവിളിക്കുന്ന ശ്യാംജിത്ത് പോലീസ് പിടിയിൽ. സ്‌ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്‌ണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിലെ ഒരു കോളിനെ പിന്തുടർന്ന പോലീസ് പ്രതി ശ്യാംജിത്തിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. നാട്ടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് വ്യക്‌തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
തൊട്ടടുത്ത് മരണം നടന്ന തറവാട്ട് വീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്‌ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്‌ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്‌ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ല.
പാനൂരിൽ ന്യൂക്ളിയസ് ആശുപത്രിയിൽ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്‌ണുപ്രിയ. യുവതിയുടെ അഛൻ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്. ബിന്ദുവാണ് അമ്മ. വിഷ്‌ണുപ്രിയയുടെ സഹോദരങ്ങൾ വിസ്‌മയ, വിപിന, അരുൺ എന്നിവരാണ്.
Most Read: നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം








































