കൊല്ലം: വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
അതേസമയം, കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനായി ശാസ്താംകോട്ട കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. ഫോൺ വിവരങ്ങൾ സമാഹരിക്കാൻ ഉള്ളതുകൊണ്ടാണ് കസ്റ്റഡി അപേക്ഷ നൽകാൻ വൈകിയതെന്ന് പോലീസ് പറഞ്ഞു. കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. കൂടാതെ വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം കിരണിന് സ്ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടിമുതലാക്കും.
വിസ്മയയുടേത് തൂങ്ങിമരണമാണ് എന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ അടക്കം പരിശോധന പൂർത്തിയാക്കാനുണ്ട്.
വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട് പോലീസിന് ലഭിച്ചെങ്കിലും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തത വരുകയുള്ളു. വിസ്മയയുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞാൽ പ്രതിയായ കിരൺ കുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
Read also: രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി








































