തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വിസ്‌മയ കേസ് പ്രതി കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‍ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ പിരിച്ചുവിടുന്നത് സംസ്‌ഥാനത്ത് ആദ്യമാണ്. വിസ്‌മയയുടെ മരണത്തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
1960ലെ സര്‍വീസ് ചട്ടപ്രകാരം സ്‍ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സ്‍ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന ചട്ടവും നിലവിലുണ്ട്. ഇവയൊക്കെ പരിഗണിച്ചാണ് കിരണിനെതിരെയുള്ള നടപടി.
ജൂണ്‍ 21നാണ് വിസ്‍മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‍ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായ കിരണ്‍കുമാര്‍ സ്‍ത്രീധനത്തിന്റെ പേരില്‍ വിസ്‍മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Read also: വിസ്‌മയ കേസ്; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു