കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിനിടെ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തികൊണ്ട് പോലീസ് തല്ലുന്നത് വ്യക്‌തമാകുന്നത്.
ഷാഫിയെ പോലീസ് തല്ലിയതല്ലെന്നും ഇതെല്ലം ഷോ മാത്രമാണെന്നും ചില ഇടതു നേതാക്കൾ വെള്ളിയാഴ്‌ച പ്രതികരിച്ചിരുന്നു. എംപിയെ തല്ലിയില്ലെന്നായിരുന്നു പോലീസിന്റെയും വാദം. എന്നാൽ, ഇവയെല്ലാം ശരിയല്ലെന്ന് വെളിപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിഷേധക്കാർക്ക് മുന്നിൽ പോലീസ് വലയം തീർക്കുന്നതിനിടെ പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്നുമാണ് ദൃശ്യങ്ങളിൽ വ്യക്‌തമാകുന്നത്.
ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്നുമാണ് പോലീസിന്റെ വാദം. അതിനിടയിലായിരിക്കും ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് വെള്ളിയാഴ്‌ച പറഞ്ഞത്.
പ്രതിഷേധം നടത്തിയ ഷാഫി ഉൾപ്പടെ 700 പേർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്. എംപിയോടുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ഇന്ന് രാവിലെ കോഴിക്കോട് നടക്കാവിലെ ഐജി ഓഫീസിന് മുന്നിൽ ധർണ നടത്തി. എംകെ രാഘവൻ എംപി, ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ധർണയ്‌ക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഐജി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇന്ന് വൈകീട്ട് പേരാമ്പ്രയിൽ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ