തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു. ആദ്യ മദർഷിപ്പ് അടുത്ത വെള്ളിയാഴ്‌ച തുറമുഖത്ത് എത്തും. വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്‌ജമായിക്കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പങ്കെടുക്കുന്ന വൻ സ്വീകരണ ചടങ്ങാണ് സർക്കാർ ഒരുക്കുന്നതെന്ന് തുറമുഖ എംഡി ദിവ്യ എസ് അയ്യർ പറഞ്ഞു. സ്വാഗതസംഘ രൂപീകരണത്തിനായി തുറമുഖ മന്ത്രി വിഎൻ വാസവൻ നാളെ യോഗം വിളിച്ചിട്ടുണ്ട്. ആയിരത്തിലധികം കണ്ടെയ്‌നറുകളുമായി യൂറോപ്പിൽ നിന്നുള്ള കപ്പലാവും ആദ്യം തുറമുഖത്ത് എത്തുകയെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
ഇറക്കുമതി- കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്‌റ്റംസിന്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന് ലഭിച്ചിരുന്നു. കസ്‌റ്റംസ് ആക്‌ടിലെ സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചിരുന്നു.
റോഡ്, റെയിൽ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളിൽ നിന്ന് ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകൾ വലിയ ചരക്കുകപ്പലിലേക്ക് മാറ്റി വിദേശങ്ങളിലെ ലക്ഷ്യ സ്‌ഥാനങ്ങളിലേക്ക് തിരിച്ചും അയക്കുന്നവയാണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്