തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി വിഎൻ വാസവൻ. കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോയെന്ന് മന്ത്രി ചോദിച്ചു.
ഇപ്പോൾ വിമർശനം ഉന്നയിക്കുന്ന ചാണ്ടി ഉമ്മന്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കെട്ടിടം ശോചനീയാവസ്‌ഥയിലെന്ന് റിപ്പോർട് നൽകിയത്. അന്ന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്‌തില്ല. എൽഡിഎഫ് സർക്കാർ വന്നു, ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവരോട് ഒരു ചോദ്യം, കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയ സ്വീകരണ ചടങ്ങിനിടെയുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അതൊരുക്കിയ ഏതെങ്കിലും ഒരു മന്ത്രി രാജിവെക്കണമെന്ന് ഇവർ പറഞ്ഞിട്ടുണ്ടോ? വിമാനാപകടം ഉണ്ടായാൽ ഉടനെ പ്രധാനമന്ത്രി രാജിവെക്കണമെന്നാണോ പറയുന്നത്.
വാഹനാപകടം ഉണ്ടായാൽ ഉടനെ ഗതാഗതമന്ത്രി രാജിവെക്കുകയാണോ? ഇത് ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ ഒന്നുമല്ലല്ലോ. സംഭവം നിർഭാഗ്യകരവും വേദനാജനകവുമാണ്. അതിന് പരിഹാരവും നമ്മൾ കാണും. ഇനിയൊരെണ്ണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.
Most Read| വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും