തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എം ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. പോലീസും സർക്കാരും ഒത്തുകളിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്വപ്‌നയുടെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കാൻ പോലീസും സർക്കാരും ചേർന്ന് ഒരുക്കിയ തിരക്കഥയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്ത് വികസനമാണ് ഇവിടെ നടക്കുന്നത് എന്നാണ് ചെന്നിത്തല ഇന്ന് ചോദിച്ചത്. അഴിമതി, സ്വർണക്കടത്ത്, മയക്കുമരുന്ന് കച്ചവടം, പിൻവാതിൽ നിയമനം തുടങ്ങിയവയാണ് ഇവിടെ നടക്കുന്നത്, അല്ലാതെ വികസന പ്രവർത്തനമല്ലെന്നും ചെന്നിത്തല ആരോപിക്കുന്നു.
അതേസമയം, ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്‌ദനാക്കാമെന്ന് കരുതേണ്ട. അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണ്. ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുമ്പ് തെളിഞ്ഞതാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ എങ്ങനെയാണ് പ്രാഥമിക അന്വേഷണം നടത്താൻ സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.
Also Read: ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി









































