പൊന്നാനി: ‘അമ്മയ്ക്കൊരു കരുതൽ‘ എന്ന പേരിൽ കൊച്ചി ആസ്ഥാനമായ വിപിഎസ് ലേക്ഷോർ ആശുപത്രി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 19ന് പൊന്നാനിയിൽ നടക്കും. ജീവിത പ്രാരാബ്ധങ്ങളാലും ദാരിദ്ര്യവും കാരണം വേദന കടിച്ചമർത്തി ജീവിക്കുന്ന 40നു മുകളിൽ പ്രായമുള്ള അമ്മമാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിപിഎസ് ലേക്ഷോർ നടത്തുന്ന സംസ്ഥാനതല ആരോഗ്യപദ്ധതിയാണ് ‘അമ്മയ്ക്കൊരു കരുതൽ’.
എംഎ യൂസഫലിയുടെ മരുമകനും പ്രമുഖ വ്യവസായിയും അബുദാബി ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയർ സ്ഥാപകനുമായ ഷംഷീർ വയലിൽ നേതൃത്വം കൊടുക്കുന്ന വിപിഎസ് ലേക്ഷോർ ആശുപത്രി നടത്തുന്ന ഈ പദ്ധതിയിലൂടെ, ആവശ്യമെങ്കിൽ 150 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും. 6 കോടിയോളം രൂപയാണ് ലേക്ഷോർ ആശുപത്രി ഇതിനായി നീക്കി വയ്ക്കുന്നത്.
പൊന്നാനി വഹീദ കൺവൻഷൻ സെന്ററിൽ നടക്കുന്ന മെഗാ ക്യാമ്പ് ഒക്ടോബർ 19, ഞായറാഴ്ച രാവിലെ 9മണിക്ക് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്കെ അബ്ദുള്ള അധ്യക്ഷനാകുന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ ശിവദാസ് ആറ്റുപുറം, പ്രശസ്ത ട്രാവൽ വ്യവസായിയും സിനിമാ നിർമാതാവും അക്ബർ ട്രാവൽസ് ഉടമയുമായ ഡോ. കെവി അബ്ദുൽ നാസർ, ആക്ടർ വിൻസി അലോഷ്യസ് എന്നിവരും പങ്കെടുക്കും.
കെപിസിസി ജനറൽ സെക്രട്ടറിയും എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനുമായ നൗഷാദലിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പൊന്നാനി ബോട്ട് ഓണേഴ്സ് അസോസിയേഷനും മലയാള മനോരമയും സംയുക്തമായി സഹകരിക്കുന്നുണ്ട്.

സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന ഗർഭാശയ, മൂത്രാശയ രോഗങ്ങളും യൂട്രസ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത രക്തസ്രാവം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള പരിശോധനയാണ് ക്യാമ്പിൽ നടക്കുക. പരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്ന, ബിപിഎൽ കാർഡ് അംഗങ്ങൾക്ക്, വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയിലൂടെ ഈ ചെലവ് സൗജന്യമാക്കി നൽകും.
ബിപിഎൽ കാർഡ് ഇല്ലാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ലഭ്യമാക്കും. സംസ്ഥാനത്തുടനീളം 5,000 സ്ത്രീകൾക്ക് രോഗനിർണയം നടത്തുകയും അതിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള 500 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതുമാണ് പദ്ധതിയെന്ന് ലേക്ഷോർ സിഇഒ ജയേഷ് വി നായർ പറഞ്ഞു.
കോഴിക്കോട്, മരട്, ഫോർട്ട് കൊച്ചി, കുട്ടമ്പുഴ, കട്ടപ്പന എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ 500ലധികം സ്ത്രീകൾ പങ്കെടുക്കുകയും, ഇവരിൽ രോഗം സ്ഥിരീകരിച്ച, ശസ്ത്രക്രിയ ആവശ്യമുള്ള 50ഓളം പേർക്ക് സൗജന്യ ശസ്ത്രക്രിയ നടത്തിയതായും ജയേഷ് വി നായർ വിശദീകരിച്ചു.
പൊന്നാനി റൗബ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുൻ എംപി സി ഹരിദാസ്, ലേക്ഷോർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി, പൊന്നാനി അർബൻ സഹകരണ ബാങ്ക് പ്രസിഡണ്ട് എംവി ശ്രീധരൻ, എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെപി നൗഷാദ് അലി, ടികെ അഷ്റഫ്, കെ ജയപ്രകാശ്, നിഷാദ് കെ പുരം, സുരേഷ് പുന്നയ്ക്കൽ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെകെ കോയ, എകെ സാജദ്, കെഎം അബ്ദുള്ളക്കുട്ടി, എച്ച് കബീർ തുടങ്ങിയവർ പങ്കെടുത്തു.
സഈദ് നൈതല്ലൂർ, അലി ചെറുവത്തൂർ എന്നിവർ കോ-ഓർഡിനേറ്റ് ചെയ്ത വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രതിനിധികൾക്കൊപ്പം വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.
MOST READ | പാലിയേക്കര ടോൾ പിരിവ് തുടരാം; ഹൈക്കോടതി