കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സ്വദേശിനി സുധ ബേബിയുടെ (46) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസ് പറയുന്നത്.
കുടുംബ ജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് വൈറ്റില പൊന്നുരുന്നി കെവി. ഷാജി (63) പോലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.
ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ഇരുവരും ഏറെനാളായി സുഹൃത്തുക്കളാണ്. വാക്കുതർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ സുധയെ കൊലപ്പെടുത്തി ഷാജി ട്രാക്കിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിക്കൊപ്പം യുവതി നടന്നുപോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. തിങ്കളാഴ്ച രാത്രി ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ട്രാക്കിന് സമീപത്ത് നിന്ന് പിന്നീട് ഷാജി ഒറ്റയ്ക്ക് തിരികെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് വൈറ്റില ഫ്ളൈ ഓവറിന് താഴെ റെയിൽപാലത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതുവഴി പോയ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടൻ വിവരം റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































