കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, തീപിടിച്ച കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്‌ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻകോയ്‌സ്) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വസ്‌തുക്കൾ അറബിക്കടലിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.
എന്നാൽ, തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. കോഴിക്കോടിനും കൊച്ചിക്കും ഇടയിലാകും വാൻ ഹായ് കപ്പലിൽ നിന്നുള്ള വസ്‌തുക്കൾ എത്താൻ സാധ്യത. കണ്ണൂരിന് പടിഞ്ഞാറായി സേർച്ച് ആൻഡ് റെസ്‌ക്യൂ എയിഡ് ടൂൾ എന്ന സരത് സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇൻകോയ്‌സ് മേധാവി ഡോ. ബാലകൃഷ്‌ണൻ നായർ പറഞ്ഞു.
Related News| കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ







































