മലപ്പുറം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്‌ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം ചേരുക. ഇന്നലെ മുഖ്യമന്ത്രിയുമായി സമസ്‌ത നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ നേതാക്കൾ യോഗത്തിൽ അറിയിക്കും. നാളെ കോഴിക്കോട് നടക്കുന്ന മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനത്തിൽ സമസ്‌തയുടെ പ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ചും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്‌ഥിതി തുടരുകയും ചെയ്യും. പിഎസ്‌സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. അത്തരം ആശങ്കകള്‍ അടിസ്‌ഥാനരഹിതമാണ്. ഇക്കാര്യം സമസ്‌ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുഭപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും സമസ്‌ത നേതാക്കൾ ആവശ്യപ്പെട്ടു.
Most Read: കാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്








































