തിരുവനന്തപുരം: കേരളാ തീരത്ത് നാളെ പുലർച്ചെ 5.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
രണ്ടുമീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. രണ്ടു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്. ആറ് ജില്ലകളിൽ യെല്ലോ അലർട് ആണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!