കൽപ്പറ്റ: ഒന്നൊന്നായി പുറത്തുവന്ന വിവാദങ്ങൾക്കിടെ, വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടിജെ ഐസക്കിന് പകരം ചുമതല നൽകി.
വയനാട്ടിൽ ഒരു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നത് സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്‌ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നു. എൻഡി അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു.
ഈ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാനത്ത് ഡിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡണ്ടിന് രാജിവെക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞത്. ജില്ലയിലെ സംഘടനയിൽ വിഭാഗീയതയും തർക്കങ്ങളും മുറുകുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ കെപിസിസിയോട് നിർദ്ദേശിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട്ടിലെ കോൺഗ്രസിലുണ്ടാകുന്ന പടലപ്പിണക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതിലെ അതൃപ്‌തിയും കേന്ദ്ര നേതാക്കൾ കെപിസിസി നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു.
അടുത്തിടെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനത്തിനിടെ സണ്ണി ജോസഫും കെസി വേണുഗോപാലും ഡിസിസി നേതാക്കളോട് ഇത്തരത്തിൽ സംഘടനയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് താക്കീത് നൽകുകയും ചെയ്‌തതിന് പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.
Most Read| ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നു? മോദിയും ട്രംപും ഉടൻ കൂടിക്കാഴ്‌ച നടത്തും