വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
ഗുണ്ടാ നേതാവായ മുഹ്സിൻ തന്റെ ശക്തി തെളിയിക്കാനാണ് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടിയിൽ ക്ഷണിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ കമ്പളക്കാട് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള ആളാണ്. മുഹ്സിന് കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങളുമായും നല്ല ബന്ധം ഉണ്ട്. കൂടുതൽ ക്വട്ടേഷൻ സംഘങ്ങളെ ഇയാൾ വിവാഹ വാർഷികാഘോഷത്തിന് ക്ഷണിച്ചിരുന്നതായും സൂചന ഉണ്ട്.
ഡിജെ പാർട്ടിക്കൊപ്പം മാരക മയക്കുമരുന്നും ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ 16 പേരും നിലവിൽ റിമാൻഡിലായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് പരോളിൽ ഇറങ്ങിയതിനിടെയാണ് മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നത്.
Most Read: ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്







































