കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി രണ്ടാഴ്‌ചക്കകം യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ച് അറിയിക്കുമെന്നും കേന്ദ്രം ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ദുരന്തത്തെ തീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ആരാഞ്ഞ ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. 251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്‌ത ഒരു ദുരന്തത്തിൽ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്ന കാര്യവും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, ദുരിതബാധിതർക്ക് ദിവസം 300 രൂപ നൽകുന്നത് ഒരുമാസം കൂടി ദീർഘിപ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു. രണ്ടു മാസത്തേക്ക് പ്രഖ്യാപിച്ച ധനസഹായം നാളെ അവസാനിക്കാനിരിക്കെയാണ് നവംബർ 30 വരെ നൽകാനുള്ള തീരുമാനം. ദുരന്തത്തിന് ഇരകളായ ചില കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതികൾ ഉയരുന്നുണ്ടെന്ന കാര്യവും കോടതി ഇന്ന് ആരാഞ്ഞു.
എന്നാൽ, കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം മൂലമാണ് നഷ്‌ടപരിഹാരം നൽകാൻ കഴിയാത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നും തർക്കപരിഹാരമുണ്ടാകുന്ന മുറയ്‌ക്ക് അത് അവകാശികൾക്ക് ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ, തർക്കത്തിന്റെ മറവിൽ നഷ്‌ടപരിഹാരം നൽകാതിരിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുമെന്നും കോടതി വ്യക്‌തമാക്കി.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!