കൽപ്പറ്റ: ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് നിരന്തര സമ്മർദ്ദം മൂലം അഞ്ചുമാസത്തിന് ശേഷം കേന്ദ്രം അംഗീകരിച്ചത്.
കേന്ദ്ര സംഘം ദുരന്തമേഖലയിൽ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്‌ഡിആർഎഫിലേക്ക് പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, സംസ്‌ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്‌ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ, പ്രത്യേക ധനസഹായ പാക്കേജിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം പ്രധാനമായും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമി സന്ദർശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ നടപടി സ്വീകരിച്ചിരുന്നില്ല.
ഇത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി മാറിയിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെടാൻ സംസ്‌ഥാനത്തിന് സാധിക്കും. എന്നാൽ, കൂടുതൽ തുക അനുവദിക്കുന്നതിനെ കുറിച്ച് കത്തിൽ വ്യക്‌തമായി പറയുന്നില്ല.
ജൂലൈ 30ന് പുലർച്ചെയാണ് വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ കണക്ക് 298 ആയി കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 128 പേരെ കാണാതായതിൽ നിന്ന് 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മുണ്ടക്കൈ- ചൂരൽമല ഭാഗത്ത് നിന്നും 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
നിലമ്പൂർ ഭാഗത്ത് നിന്ന് 80 മൃതദേഹങ്ങളും 178 ശരീര ഭാഗങ്ങളും കിട്ടി. മരിച്ച 254 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണത്തിന് എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ സംസ്‌ഥാന സർക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം