കൊച്ചി: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് റിപ്പോർട് തേടി ഹൈക്കോടതി. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഈ മാസം 18നകം അറിയിക്കാൻ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവർ നിർദ്ദേശിച്ചു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട് നൽകിയതിനെ തുടർന്നാണ് കോടതി കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടിയത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങൾ വീണ്ടും അധികൃതർക്ക് പുറകെ നടന്ന് കഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വീണ്ടും പ്രവർത്തനക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചു. സമാന ദുരന്തങ്ങൾ നേരിട്ടപ്പോൾ അയൽ സംസ്‌ഥാനങ്ങളായ തമിഴ്‌നാടിനും കർണാടകയ്‌ക്കും ധനസഹായം ലഭിച്ചിരുന്നുവെന്നും, ദുരന്തം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട് നൽകിയിരുന്നു.
കേന്ദ്ര സഹായം സംബന്ധിച്ച് മറുപടി നൽകാൻ മുമ്പ് കേസ് പരിഗണിച്ചപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറൽ ഒക്‌ടോബർ 18 വരെ സമയം തേടിയിരുന്നു. നേരത്തെ, വയനാട് ദുരന്തം സംബന്ധിച്ച് സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ കണക്കുകൾ ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഓരോ കാര്യത്തിനും ചിലവഴിക്കേണ്ട ആക്ച്വൽ തുകയാണ് റിപ്പോർട്ടിൽ കാണിച്ചതെന്നും എന്നാൽ, വക്രീകരിച്ച് കാണിക്കുകയായിരുന്നു എന്നുമാണ് സർക്കാർ വാദിച്ചത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്