ന്യൂഡെൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കെവി തോമസ് അറിയിച്ചു.
”കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടും സംസ്‌ഥാന സർക്കാരിന്റെ റിപ്പോർട്ടും ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അത് കാബിനറ്റ് സബ് കമ്മിറ്റി സമയബന്ധിതമായി പരിഗണിക്കും. ഒട്ടും താമസിക്കാതെ ഒരു തീരുമാനം എടുക്കുമെന്നാണ് ചർച്ചയിൽ അറിയിച്ചിരിക്കുന്നത്. അതിൽ ഒരു കാലതാമസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
ദുരന്തം നടന്ന് നാലുമാസം കഴിഞ്ഞു. അവിടുത്തെ ആളുകൾ ദുരിതത്തിലാണ്. കേന്ദ്ര സംഘം ഇത് നേരിട്ടുകണ്ട കാര്യങ്ങളാണ്. അക്കാര്യത്തിൽ ഒരു തീരുമാനം സമയബന്ധിതമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന മറുപടിയാണ് ധനമന്ത്രിയിൽ നിന്ന് ലഭിച്ചതെന്നും കെവി തോമസ് വ്യക്‌തമാക്കി”.
അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വയനാട് ദുരന്തത്തിൽ കേരളം കേന്ദ്രത്തോട് യാചിക്കുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി തുറന്നടിച്ചത്. കേരളം ഇന്ത്യക്ക് പുറത്താണോ? സഹായം ഒരു പ്രത്യേക കണ്ണിൽ മാത്രം കൊടുത്താൽ പോര. ആന്ധ്രയിലും ബിഹാറിലും അസമിലും ഗുജറാത്തിലും കേന്ദ്ര സഹായം അനുവദിച്ചിട്ടുണ്ട്- കൂത്തുപറമ്പ് രക്‌തസാക്ഷിദിന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്ന് 154 കോടി രൂപ അനുവദിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അതേസമയം, പ്രത്യേക പാക്കേജ് അനുവദിക്കുമ്പോൾ എത്ര രൂപയായിരിക്കും വയനാടിന് അനുവദിക്കുകയെന്നോ എത്ര ദിവസത്തിനകം നൽകുമെന്നോ വ്യക്‌തമല്ല. ദുരന്തനിവാരണത്തിനായി 2000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!