വയനാട്: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടിയുടെ പാക്കേജ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള വയനാട് കോഫി സംഭരണ ഉൽഘാടനവും കഴിഞ്ഞ ദിവസം നടന്നിരുന്നു.
വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്‌ത് അന്താരാഷ്‌ട്ര വിപണിയില്‍ എത്തിക്കുന്നതോടെ ജില്ലക്ക് ഉണര്‍വാകും. പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് ഇരുപത് ശതമാനമായെങ്കിലും ഉയര്‍ത്താനുളള പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്‌ത് വിൽക്കാനാണ് പദ്ധതി.
കൂടാതെ, കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്‌ഥാപിക്കും. 2019ല്‍ തറക്കല്ലിട്ട പാര്‍ക്കിന്റെ ഡിപിആര്‍ തയാറായിട്ടുണ്ട്. 2022ല്‍ കിന്‍ഫ്രയില്‍ കോഫി പാര്‍ക്കിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് പാര്‍ക്ക് പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കില്ല.
വയനാട് ബ്രാന്‍ഡ് കാപ്പിപ്പൊടി ഉൽപാദനം ഉടന്‍ തുടങ്ങും. നിർദിഷ്‌ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോക്ക് 90 രൂപ നല്‍കിയാണ് ശേഖരിക്കുക. നിലവിലുള്ള കമ്പോള വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന വിലയാണിത്. കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ ബ്രഹ്‌മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്‌ളാന്റിൽ ഉൽപാദനം തുടങ്ങും.
വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെന്‍ഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടങ്ങും. ഇതിനായി 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 500 സപ്‌ളൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വയനാട് കാപ്പിയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്‌ഥാപിക്കും. ജില്ലയില്‍ 65,000 ഹെക്റ്റർ സ്‌ഥലത്താണ് കാപ്പി കൃഷിയുള്ളത്. പകുതിയിലധികവും 50 വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളാണ്. പുതുകൃഷിയിറക്കുകയും ശാസ്‌ത്രീയ കൃഷി രീതികളിലൂടെ ഉൽപാദന ക്ഷമത ഗണ്യമായി ഉയര്‍ത്തുന്നതിന് റീ-പ്‌ളാന്റിങ് നടത്തുന്നതിനായി പലിശ സബ്‌സിഡിയോട് കൂടിയ വായ്‌പാ പദ്ധതിയും നടപ്പാക്കും.
Also Read: സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്







































