ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. കർഷക സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കവെ മരണമടഞ്ഞ 200ഓളം പേരെ അനുസ്‌മരിക്കാൻ സഭയിൽ മൗനപ്രാർഥന നടത്തിയ സംഭവത്തിലാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.
ബിജെപി അംഗങ്ങളായ സഞ്‌ജയ് ജയ്സ്വാൾ, രാകേഷ് സിങ്, പിപി ചൗധരി എന്നിവരാണ് രാഹുലിന് എതിരെ നോട്ടീസ് നൽകിയത്. സ്‍പീക്കറുടെ അനുമതി തേടാതെ സഭയിൽ നടത്തിയ മൗനപ്രാർഥനയിൽ തൃണമൂൽ, ഡിഎംകെ അംഗങ്ങളും രാഹുലിന് ഒപ്പം ചേർന്നിരുന്നു.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരേ നടക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 200ഓളം കർഷകർ മരിച്ചുവെന്നും മോദി സർക്കാർ അവരെ ആദരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു രാഹുലിന്റെ മൗനപ്രാർഥന. സ്‌പീക്കറുടെ അനുമതി ഇല്ലാതെ മൗനപ്രാർഥന നടത്തുക വഴി രാഹുൽ അവകാശ ലംഘനം നടത്തി എന്നാണ് നോട്ടീസിലെ ആരോപണം. പാർലമെന്ററി ചട്ടങ്ങളുടെയും മര്യാദകളുടെയും ഗുരുതരമായ ലംഘനമാണ് രാഹുൽ നടത്തിയതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
അതേസമയം, ലോക്‌സഭാ സമ്മേളനം ഇന്നും തുടരും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം രാജ്യസഭ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ബജറ്റിൻമേലുള്ള ചർച്ച പൂർത്തിയാക്കുകയാണ് ഇന്നത്തെ പ്രധാന ലോക്‌സഭാ അജണ്ട. ചർച്ച ഉപസംഹരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ മറുപടി പറയും.
Read also: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും