കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ തുടരും. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും.
വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും പ്രദേശത്തുണ്ടാകും. കടുവയെ പിടികൂടാൻ ഇന്നലെ കൂടി സ്ഥാപിച്ചിരുന്നു. അതേസമയം, മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകൾ. മാനന്തവാടി മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
അതിനിടെ, വന്യജീവി ആക്രമണത്തിനിടെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മാനന്തവാടി മുനിസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. ഇന്നലെ രാത്രി മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്ക ഇരട്ടിയാക്കി. പ്രദേശത്തും വനംവകുപ്പ് തിരച്ചിൽ നടത്തുകയാണ്.
മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 13 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
ഇന്നലെ രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) കൊല്ലപ്പെട്ടത്. രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നതെന്നാണ് വിവരം. 11 ലക്ഷം നഷ്ടപരിഹാര തുകയിൽ നിന്ന് അഞ്ചുലക്ഷം രാധയുടെ കുടുംബത്തിന് കൈമാറി.
Most Read| യുഎസിൽ മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കും