മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതം. നോർത്ത് വയനാട് ഡിവിഷന് കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസി. ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസർ എന്നിവരുടെ സംഘത്തിൽ നിന്നുള്ള 85 ജീവനക്കാരാണ് പഞ്ചാരക്കൊല്ലിയിൽ ദൗത്യത്തിൽ പങ്കെടുക്കുന്നത്.
പുളിക്കത്തൊടി ഷാനവാസിന്റെ വീടിന്റെ പിന്നിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. മുറ്റത്ത് നിൽക്കുകയായിരുന്ന സ്‌ത്രീയും കുട്ടിയും നാട്ടുകാരിൽ ചിലർ ഒച്ചവെച്ചതോടെ വീടിനകത്തേക്ക് ഓടിക്കയറി. ഇതിനിടെ, കടുവ വീടിന് പുറകിലെ കാട്ടിലേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധ സമരം നടന്നുകൊണ്ടിരുന്ന ഓഫീസിന് സമീപത്താണ് കടുവയെ കണ്ടത്.
ഇതോടെ സ്‌ത്രീകളെയും കുട്ടികളെയും സ്‌ഥലത്ത് നിന്ന് മാറ്റി. പോലീസ് അകമ്പടിയിലാണ് ആളുകളെ വീട്ടിലേക്ക് കൊണ്ടുപോയത്. സ്‌ഥലത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തി. ഡ്രോൺ ഉൾപ്പടെ ഉപയോഗിച്ചാണ് പരിശോധന. കടുവ പരിസരത്ത് തന്നെ ഉണ്ടെന്ന് രാവിലെ സിഡിഎഫ് പറഞ്ഞിരുന്നു. വീണ്ടും ജനം ജനവാസ കേന്ദ്രത്തിലെത്തിയതോടെ ജനം കൂടുതൽ ആശങ്കയിലായി.
മയക്കുവെടി വെയ്‌ക്കാനും, അവശ്യ സാഹചര്യത്തിൽ വെടിവെയ്‌ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്‌ജീകരണങ്ങൾ സഹിതമാണ് തിരച്ചിൽ. രണ്ടു വാക്കി ടോക്കികൾ, 38 ക്യാമറ ട്രാപ്പുകൾ, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, തോട്ടം മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാളെ വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കൽപ്പറ്റയിൽ യോഗം ചേരും.
അതിനിടെ, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു. രാധയുടെ കുടുംബത്തിന് നഷ്‌ടപരിഹാരത്തിലെ ബാക്കി തുക നൽകാനും തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ബുധനാഴ്‌ച ബാക്കി തുക രാധയുടെ കുടുംബത്തിന് കൈമാറും. 11 ലക്ഷം നഷ്‌ടപരിഹാര തുകയിൽ നിന്ന് അഞ്ചുലക്ഷം രാധയുടെ കുടുംബത്തിന് കൈമാറിയിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്