കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2-എ, 2- ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്.
ഒന്നാംഘട്ട ഗുണഭോക്‌താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2-എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി. 2ബിയിൽ ഉൾപ്പെട്ട 69 ആളുകളാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്‌താക്കളുടെ പട്ടികയിൽ ആകെ 402 പേരാണുൾപ്പെടുന്നത്. ഇതിൽ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത് 289 ആളുകളാണ്.
സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ 410 വീടുകൾ നിർമിക്കാനാണ് ഊരാളുങ്കലിന് സർക്കാർ നിർദ്ദേശം നൽകിയത്. നാലുപേർക്ക് കൂടി സമ്മതപത്രം നൽകിയാലും 293 വീടുകളേ നിർമിക്കേണ്ടി വരൂ. അതേസമയം, എൽസ്‌റ്റൺ എസ്‌റ്റേറ്റിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ നിർമാണം തുടങ്ങാനായില്ല.
ഹൈക്കോടതിയുടെ ഉത്തരവ് വന്ന ശേഷമേ നിർമാണം തുടങ്ങാനാകൂ എന്ന് ഊരാളുങ്കൽ വ്യക്‌തമാക്കി. എല്ലാ വീടുകളും ഒരുമിച്ച് നിർമാണം നടത്താനാണ് നീക്കം. നാളെ മുതൽ സമ്മതപത്രങ്ങളുടെ പരിശോധന ആരംഭിക്കും. ഗുണഭോക്‌താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും. അതിന് ശേഷമായിരിക്കും എത്ര വീടുകൾ നിർമിക്കണമെന്നതുൾപ്പടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനമാകൂ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ