കൽപ്പറ്റ: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്‌ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്ന് വൈകിട്ടോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റും. സെപ്‌തംബർ രണ്ടിന് ജില്ലയിലെ സ്‌കൂളുകളിൽ വീണ്ടും പ്രവേശനോൽസവം നടക്കുമെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടലിൽ ഇല്ലാതായ ചൂരൽമല, മുണ്ടക്കൈ സ്‌കൂളുകൾ താൽക്കാലികമായി മേപ്പാടി സ്‌കൂളിൽ ആരംഭിക്കും. ചൂരൽമല പ്രദേശത്തുള്ള കുട്ടികൾക്ക് മേപ്പാടി സ്‌കൂളിലേക്ക് വരുന്നതിന് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തും. ഇരു സ്‌കൂളുകളിലെയും അധ്യാപകരെ താൽക്കാലികമായി മറ്റു സ്‌കൂളുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മേപ്പാടി സ്‌കൂളിൽ മാത്രമാണ് ക്യാംപ് പ്രവർത്തിക്കുന്നത്. ബാക്കി സ്‌കൂളുകളിലെ ക്യാംപുകൾ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. മേപ്പാടി, അമ്പലവയൽ, കൽപ്പറ്റ, ചുണ്ടേൽ തുടങ്ങിയ സ്‌ഥലത്തേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. വിദ്യാർഥികൾക്ക് പുസ്‌തകങ്ങൾ ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും സർക്കാർ അധികൃതർ അറിയിച്ചിരുന്നു.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ







































