മാനന്തവാടി: വയനാട്ടിൽ യുവതിയെ കടുവ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.
രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നതെന്നാണ് വിവരം. അതിനുശേഷം മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ച് കൊണ്ടുപോയി.
അതേസമയം, സ്‌ഥലത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. മന്ത്രി ഒആർ കേളു ഉൾപ്പടെയുള്ളവർ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്ക് നേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് സ്‌ഥലത്ത് ഉണ്ടായത്. കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒആർ കേളു പറഞ്ഞു.
മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ച ശേഷം പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് രാധയുടെ മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു.
പ്രദേശത്ത് ആർആർടി ടീമിനെ നിയോഗിക്കും. കടുവയെ പിടികൂടാൻ സ്‌ഥലത്ത് ഇന്ന് തന്നെ കൂടുകൾ സ്‌ഥാപിക്കും. വനാതിർത്തിയിൽ പ്രതിരോധം ഒരുക്കുന്നതിനായി ഫെൻസിങ് നിർമാണം വേഗത്തിലാക്കും. മരിച്ച രാധയുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. രാധയുടെ മകന് ജോലി നൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ താൻ തന്നെ മുൻകൈയെടുത്ത് സർക്കാരിൽ നിന്ന് അനുകൂല തീരുമാനം വാങ്ങിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്.
രാധയുടെ കുടുംബത്തിന് ധനസഹായമായി നിലവിലെ മാനദണ്ഡപ്രകാരം പത്തുലക്ഷം രൂപയും അതിന് പുറമെ ഒരുലക്ഷം കൂടി ചേർത്ത് 11 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. ഇതിൽ അഞ്ചുലക്ഷം ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി ഒആർ കേളു പറഞ്ഞു. ഈ വർഷം ആദ്യമായാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്.
അതേസമയം, പഞ്ചാരക്കൊല്ലി ഡിവിഷനിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാധയുടെ മരണത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി ദുഃഖം രേഖപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരം എത്രയുംവേഗം വേണമെന്ന് പ്രിയങ്ക എക്‌സിൽ കുറിച്ചു. അതിനിടെ, നാളെ മാനന്തവാടിയിൽ എസ്‌ഡിപിഐ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേർന്ന മറ്റു പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തുകയും ആവശ്യമായ ദ്രുതകർമ സേനയെ നിയോഗിക്കുകയും ചെയ്യും. സംസ്‌ഥാനത്തെ മറ്റു ഭാഗങ്ങളിൽ നിന്ന് വിദഗ്‌ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്‌ടർമാരെയും അടിയന്തിരമായി വയനാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ കെഎസ് ദീപയെ ചുമതലപ്പെടുത്തി.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്