പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ കടുവാ ഭീതി അകന്നു.
കാൽപ്പാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്‌ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിട്ടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലായിരുന്നു. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്‌ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്ത് ഉണ്ടായിരുന്ന കടുവ ചൊവ്വാഴ്‌ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽ വയലിലെത്തി. ഇവിടെയുള്ള ഉന്നതിക്ക് സമീപമുള്ള ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. ചൊവ്വാഴ്‌ച രാവിലെ തന്നെ വിവിധ ഫോറസ്‌റ്റ് സ്‌റ്റേഷനുകളിലുള്ള വനപാലകസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു.
മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചും പരിശോധന തുടർന്നു. രാത്രി എട്ടരയോടെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കടുവ എരനെല്ലൂർകുന്ന് ഭാഗത്തേക്ക് നീങ്ങിയിരുന്നു. തുടർന്ന് നടത്തിയ ദൗത്യത്തിൽ പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതാണ് നിർണായകമായത്.
ഈ കാൽപ്പാടുകൾ പിന്തുടർന്ന വനപാലകർ പാതിരി വനത്തിലേക്ക് എത്തുകയായിരുന്നു. ഈ വനത്തിൽ നിന്ന് തന്നെയാണ് റോഡുകളും പുഴകളും വയലുകളും താണ്ടി കടുവ നാട്ടിൽ ഇറങ്ങിയത് എന്നാണ് സൂചന. കടുവ വനം കയറിയെന്ന വിവരം സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമനാണ് സ്‌ഥിരീകരിച്ചത്. ദൗത്യം വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്




































