കീവ്: റഷ്യക്ക് എതിരായ യുദ്ധം അവസാനിച്ചതിനുശേഷം യുക്രൈൻ ജനതക്ക് നമ്മുടെ രാജ്യത്തെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞത്.
യുദ്ധാനന്തരം നമ്മുടെ രാജ്യത്തെ പുനർനിർമിക്കുന്നതിനുള്ള പരിപാടികൾ ഞങ്ങൾ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ രാജ്യം വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ത് നാശനഷ്ടമുണ്ടായാലും… അത് ചരിത്രപരമായ പുനർനിർമാണമായിരിക്കും. നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തോടൊപ്പം ലോകത്തെയും പ്രചോദിപ്പിക്കുന്ന ഒരു പദ്ധതി. നമ്മുടെ യുക്രൈന് വേണ്ടിയുള്ള പോരാട്ടം പോലെ.
നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനായി യുക്രൈന് ഇപ്പോൾ കിട്ടുന്ന പിന്തുണ വർധിപ്പിക്കുന്നതിനും റഷ്യക്ക് മേലുള്ള വലിയ സമ്മർദ്ദം ശക്തമാക്കുന്നതിനും വേണ്ടി പോരാടുന്നത് തുടരുമെന്ന് സെലെൻസ്കി പറഞ്ഞു.
“വ്യാഴാഴ്ച രാവിലെ ഞാൻ ജർമ്മൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. റഷ്യക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനായി യുക്രൈന് കൂടുതൽ പിന്തുണ ലഭിക്കാൻ ഞാൻ പോരാടുന്നത് തുടരും. നമ്മുടെ വിജയത്തിന് വേണ്ടി, നമ്മുടെ സമാധാനത്തിനായി,” സെലെൻസ്കി പറഞ്ഞു.
അതേസമയം, ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി യുക്രൈന് അറിയിച്ചു. ഇവിടുത്തെ നാടക തിയേറ്ററിന്റെ മധ്യഭാഗം റഷ്യന്‍ വിമാനമെത്തി തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് പേര്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനഃപൂർവമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യ ഏറ്റെടുത്തതോടെ കടൽ വഴിയുള്ള യുക്രൈന്റെ അന്താരാഷ്ട്ര വ്യാപാരവും നിലച്ചിരിക്കുകയാണ്. കൂടാതെ യുക്രൈൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ പിടിച്ചടക്കുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം









































