കണ്ണൂർ : ജില്ലയിലെ മന്ദംചേരി ടൗണിൽ കാട്ടാന ശല്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തിറങ്ങിയ ആന ബാവലിപ്പുഴ മുറിച്ചു കടന്നാണ് പ്രദേശത്തെത്തിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ നട സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മന്ദംചേരി. തുടർന്ന് നാട്ടുകാർ അറിയിച്ചതിന് പിന്നാലെ റാപ്പിഡ് റെസ്പോൺസ് ടീമും വനപാലകരും സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരിച്ച് ഓടിച്ചു.
നിലവിൽ ലോക്ക്ഡൗണായതിനാൽ സന്ധ്യ കഴിഞ്ഞാൽ മലയോര ഹൈവേയും റോഡുകളും വിജനമാണ്. മന്ദംചേരിയിൽ ബാവലിപ്പുഴയും പന്നിയാംമല തോടും ചേരുന്ന ഭാഗത്തു കൂടി കാട്ടാനക്ക് വനത്തിന് പുറത്തേക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. ഇവിടെ കാട്ടാനയെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഒന്നുമില്ല. ആനയിറങ്ങിയ പ്രദേശത്ത് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിൽ അടുത്തടുത്ത് വീടുകളും ആദിവാസി കോളനിയും ഒട്ടേറെ കച്ചവട സ്ഥാപനങ്ങളുമുണ്ട്. അതിനാൽ തന്നെ രാത്രി നിരീക്ഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് വ്യക്തമാക്കി.
Read also : കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും








































