ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്‌തി

By News Desk, Malabar News
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്‌ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആർട്ടിക്കിളുകൾ പുനഃസ്‌ഥാപിക്കുന്നത് വരെ പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്‍കർ സഖ്യം ഒന്നിച്ച് നിൽക്കുമെന്നും മെഹബൂബ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് നൽകിയിരുന്നത് തിരികെ വേണമെന്നും ജമ്മു കശ്‌മീരിന്റെ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന മെഹബൂബ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പ് ലാഭത്തിനായാണ് ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതെന്നും മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയെ നിന്ദിച്ചുവെന്നും ഇവർ പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനാ അനുഛേദമായിരുന്നു. ജമ്മു കശ്‌മീർ സംസ്‌ഥാനത്തുള്ള സ്‌ഥിര താമസക്കാരെ നിർവചിക്കാനും അവർക്ക് പ്രത്യേക അവകാശങ്ങളും പദവികളും നൽകാനും ജമ്മു കശ്‌മീർ നിയമസഭയെ അധികാരപ്പെടുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുഛേദമാണ് 35 എ.

2019 ഓഗസ്‌റ്റ്‌ 5ന് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സംസ്‌ഥാനത്തിന് പ്രത്യേക പദവിയും അധികാരവും നൽകുന്ന 35 എയും ഇല്ലാതായി. തുടർന്ന് പ്രതിഷേധങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കശ്‌മീർ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തിരുന്നു. മെഹബൂബ മുഫ്‌തിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത കശ്‌മീർ നേതാക്കളുടെ സർവകക്ഷി യോഗത്തിൽ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും അതിന് എല്ലാ നേതാക്കളും സഹകരിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഇതിനെതിരെയാണ് മെഹബൂബ രംഗത്തെത്തിയിരിക്കുന്നത്.

കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രാധാന്യമുള്ള പ്രശ്‌നങ്ങളാണെന്ന് മെഹബൂബ പറഞ്ഞു. ജമ്മു കശ്‌മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനും യുക്‌തമായ സമയത്ത് സംസ്‌ഥാന പദവി നല്‍കാനും പ്രതിജ്‌ഞാബദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ മേഖലയിലെ ഭാവി നടപടികള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്‌ച വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വ്യക്‌തമാക്കിയിരുന്നുവെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

Also Read: വ്യാജ വാക്‌സിൻ; മുംബൈയിലും കൊൽക്കത്തയിലും തട്ടിപ്പിന് ഇരയായത് നിരവധി പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE