മുംബൈ: പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ നിയമസഭയിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്‌ക്കറുടെ ഭരണഘടനയാണ് കശ്‌മീരിൽ നടപ്പിലാക്കുക. പാക്ക് അജൻഡ നടപ്പിലാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല. കോൺഗ്രസിന്റേത് അംബേദ്‌ക്കറുടെ ഭരണഘടന കശ്‌മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ല. കശ്‌മീരിനെതിരെ ഗൂഢാലോചന നടത്തുകയാണ് കോൺഗ്രസും ഇന്ത്യാ സഖ്യമെന്നും മോദി ആരോപിച്ചു.
”നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ സംവരണ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയവരാണ്. പ്രത്യേകിച്ച് ഒബിസി, ഗോത്രവർഗ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ നയങ്ങൾ. പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങൾ കൈവരിച്ച പുരോഗതി കോൺഗ്രസിന് സഹിക്കാനാവില്ല. ജാതികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്, സംഘർഷം ആളിക്കത്തിക്കാനും സമുദായങ്ങളുടെ വികസനം തകർക്കാനുമുള്ള കോൺഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. ഈ വിഭജന തന്ത്രത്തിനെതിരെ ജാഗ്രത പാലിക്കാൻ രാജ്യത്തോട് അഭ്യർഥിക്കുകയാണ്”- മോദി പറഞ്ഞു.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ധൂലെയിൽ വന്ന് ബിജെപിയുടെ വിജയത്തിനായി അഭ്യർഥിച്ചു. നിങ്ങൾ എല്ലാവരും ബിജെപിയുടെ വിജയം ഉറപ്പാക്കിക്കൊണ്ടാണ് അത് സാധ്യമാക്കിയത്. മഹാരാഷ്‌ട്രയുടെ യശസ് പുനഃസ്‌ഥാപിച്ചതിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഞാൻ അഭിനന്ദിക്കുന്നു. മഹായുതി സഖ്യത്തിലൂടെ മഹാരാഷ്‌ട്രയുടെ വികസനത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തി. സംസ്‌ഥാനത്തിന്റെ പുരോഗതി അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!