കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ. കാര്യങ്കോട് പുഴക്ക് കുറുകെ പാലം നിർമ്മിച്ചാൽ മാത്രമേ ഇവർക്ക് റോഡ് ഗതാഗതം സാധ്യമാകുകയുള്ളൂ.
പാലം വേണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കാത്ത അധികാരികൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലെ 75 കുടുംബങ്ങൾ. ‘പാലം നൽകിയാൽ വോട്ടും നൽകാം’ എന്ന ബാനറുമായാണ് കോളനി നിവാസികളുടെ പ്രതിഷേധം. നിലവിൽ നടന്നു പോകാൻ മാത്രം പറ്റുന്ന ഒരു ഇരുമ്പു പാലമാണ് പുഴക്ക് കുറുകേയുള്ളത്. അതാണെങ്കിൽ കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് അപകടാവസ്ഥയിലുമാണ്.
2012-ൽ കോളനിയിലേക്കുള്ള റോഡ് ടാറിംഗ് നടത്തിയിരുന്നു. എന്നാൽ പാലം നിർമ്മാണം നടക്കാത്തനിനാൽ റോഡ് ഗതാഗതം സാധ്യമല്ല. രോഗികളെ ചുമന്നാണ് ആശുപത്രിയിൽ എത്തിക്കുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് വാഹന സൗകര്യം ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനവും വൈകിയിരുന്നു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് അനുഭവിക്കുന്നതെന്നും ഇനിയെങ്കിലും പാലം നിർമ്മാണം നടത്താൻ അധികാരികൾ തയ്യാറാകണമെന്നും പ്രദേശവാസികൾ പറഞ്ഞു.
Malabar News: പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ







































