കൊച്ചി: ലോകത്തിന് മുന്നിൽ പരിഷ്‌കൃത കേരളം തലകുനിക്കുന്ന സംഭവമാണ് പത്തനംതിട്ടക്ക് സമീപം ഇലന്തൂരിൽ നടന്ന ദുർമന്ത്രവാദ കൊലപാതകങ്ങൾ. ദേശീയ മാദ്ധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കി മാറ്റിയ ഈ കൊലപാതകങ്ങൾ കേരളത്തിന്റെ മുഖം വികൃതമാക്കുകയാണ്.
ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, കൊച്ചിയിൽ നിന്ന് തമിഴ്‌നാട് സ്വദേശിയായ ലോട്ടറി കച്ചവടക്കാരി പത്‌മം എന്ന സ്‌ത്രീയെയും ആയുർവേദ മരുന്നുകൾ വീടു കയറി വിൽപന നടത്തിയിരുന്ന വടക്കാഞ്ചേരി വാഴാനി സ്വദേശിനി റോസ്‌ലി എന്നീ രണ്ടു സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടക്ക് സമീപം ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നാണ് സൂചന.
തിരുവല്ലയിലെ ദമ്പതികളായ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബാണ് നരബലിക്ക് വേണ്ടി ഈ സ്‌ത്രീകളെ കൊന്നതെന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഏജന്റ് മുഹമദ് ഷാഫി, റഷീദ്, ഷാലു എന്നിങ്ങനെ വിവിധ പേരുകളിലും അറിയപ്പെടുന്നുണ്ട്.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ് പാരമ്പര്യ ആയുർവേദ ചികിൽസയും ആഭിചാരക്രിയകളും നടത്തുന്ന വ്യക്‌തിയാണ്. പരമ്പരാഗതമായി തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തി വരുന്നവരാണ് ഭഗവൽ സിങ് കുടുംബം. ഷാഫിക്കും ദുർമന്ത്രവാദ പരിപാടി ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇയാൾ, ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫേസ്ബുക് പോസ്‌റ്റ് ഇട്ടിരുന്നു.
ഈ പോസ്‌റ്റ് വഴിയാണ് ആഭിചാരക്രിയകളിൽ ഏർപ്പെടുന്ന വൈദ്യൻ ഭഗവൽ സിങും ഭാര്യ ലൈലയും ഷാഫിയുമായി ബന്ധപ്പെടുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. തുടർന്ന് ഭഗവൽ സിങും ഷാഫിയും കൂടിയാണ് നരബലിയിലൂടെ സമ്പദ് സമൃദ്ധി ഉണ്ടാക്കാമെന്ന ധാരണയിൽ എത്തുന്നതും സ്‌ത്രീകളെ ബലിക്ക് ഇരയാക്കുന്നതും.
ആറു മാസം മുൻപാണ് കാലടിയിൽ വാടകക്ക് താമസിച്ചിരുന്ന വടക്കാഞ്ചേരി വാഴാനി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകിയത്. ശേഷം, ഒരാളെ കൂടി ബലി കൊടുക്കണമെന്ന വിശ്വാസം മനസിൽ ഉദിക്കുകയും ഇതനുസരിച്ച് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്‌മത്തെ സെപ്റ്റംബർ 26നു കടത്തി കൊണ്ടുപോകുകയും നരബലി നടത്തുകയും ചെയ്‌തു.
ലഭ്യമായ വിവരങ്ങളിൽ ഒട്ടനവധി ചോദ്യങ്ങളും ദുരൂഹതയും അവശേഷിക്കുന്നുണ്ട്. ഇവയിൽ വ്യക്‌തത കൈവരാൻ ഒന്നോ രണ്ടോ ദിവസം കൂടി സമയം എടുത്തേക്കുമെന്നാണ് പോലീസ് അധികൃതർ പറയുന്നത്. കൊല്ലപ്പെട്ട പത്‌മത്തിന് 52 വയസും റോസിലിക്ക് 50 വയസുമാണ് പ്രായം. വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്നിവർ നിലവിൽ കസ്‌റ്റഡിയിലാണ്.
കൂടുതൽ പേർ സംഭവത്തിനു പിന്നിലുള്ളതായും മറ്റുചില ദുരൂഹതകൾ ഉള്ളതായും മറ്റുചിലരെയും ഈ രീതിയിൽ കൊന്നിട്ടുണ്ടാകും എന്നും കരുതുന്ന പോലീസ് ശക്‌തമായ അന്വേഷണത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ആർടിഒയും അടങ്ങുന്ന സംഘം സംഭവസ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം