കോഴിക്കോട്: വനിതാ ഡോക്ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്താദ് മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനെതിരേയും ഇയാളുടെ സഹായികളായ രണ്ട് പേർക്കെതിരെയും ഫറോക്ക് പോലീസ് കേസെടുത്തു.
ഉസ്താദും കൂട്ടരും ഒളിവിൽപോയതായാണ് സൂചന. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാവുമെന്നും പോലീസ് പറയുന്നു. ഡോക്ടറുടെ ക്ളിനിക്കിൽ സ്ഥിരമായി എത്തിയിരുന്ന ആളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്യര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കുന്നതിന് മന്ത്രവാദം നടത്താനായി പ്രേരണ നൽകി ഉസ്താദിനെ പരിചയപ്പെടുത്തിയത്.
തുടർന്ന് ഉസ്താദ് നിർദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ഓരോ പൊതി സ്വർണാഭരണങ്ങൾ ചികിൽസാ കേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടയ്ക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതൽ നടത്തുകയും ചെയ്തു. ഒരു മാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണമാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണം ലഭിക്കാതായതോടെ യുവതി അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Most Read: ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം




































