ബാലുശ്ശേരി: അമിത അളവിൽ ഗുളിക ഉള്ളിൽ ചെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്‌ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി.
മരുന്ന് ഉള്ളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിൽ എത്തി വിവരം പറയുകയായിരുന്നു. രക്‌തസമ്മർദ്ദം വളരെ കുറഞ്ഞ നിലയിലായിരുന്നു ആശുപത്രിയിൽ എത്തിയത്. ഇവിടെ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടെ അശ്വതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തി. പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ നിന്ന് പതിവുപോലെ ജോലിക്ക് പോയതാണെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല, സഹോദരൻ: അഖിൽ.
Most Read: സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം; ശനിയാഴ്‌ച വരെ 21 ട്രെയിനുകൾ റദ്ദാക്കി







































