ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു ആൻ ടെസ ജോസഫ്.
അതേസമയം, മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്ന് ആൻ ടെസയുടെ പിതാവ് ബിജു ഏബ്രഹാം പറഞ്ഞു. ”കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൻ ടെസ കുടുംബവുമായി അവസാനമായി സംസാരിച്ചത്. നാളെ വിളിക്കാമെന്ന് പറഞ്ഞാണ് അവസാന ദിവസവും അവൾ ഫോൺ വെച്ചത്. എന്നാൽ, കോൾ വരാതായതോടെ ഞങ്ങൾ അങ്ങോട്ടേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അബുദാബിയിൽ നിന്ന് മുംബൈയ്ക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. കേന്ദ്ര സർക്കാരിനെയെല്ലാം അറിയിച്ചിട്ടുണ്ട്. ആൻ ടെസ ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് വിവരം”- ബിജു ഏബ്രഹാം പറഞ്ഞു.
കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങൾ ആൻ ടെസയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞതെന്നും തന്റെ മകൾ കൂടി ഉൾപ്പടെ നാലുപേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ടുകളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണെന്നും എല്ലാവരെയും മോചിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും ബിജു ഏബ്രഹാം ആവശ്യപ്പെട്ടു.
തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പിവി ധനേഷ് എന്നിവരാണ് മലയാളികൾ. കപ്പലിൽ ആകെയുള്ള 25 ജീവനക്കാരിൽ ഇവരുൾപ്പടെ 17 പേരും ഇന്ത്യക്കാരാണ്. ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്സി ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം ശനിയാഴ്ച പിടിച്ചെടുത്തത്.
Most Read| കെജ്രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകണം








































