ലഖ്‌നൗ: ഹരിയാന നാടോടി ഗായകൻ ഉത്തർ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാൽസംഗ പരാതി നൽകിയ നോയിഡയിൽ നിന്നുള്ള സ്‌ത്രീ, കേസിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്‌ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം സ്വയം തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചു.
സമാനമായ രണ്ടു സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അതിലൊന്ന്, ഉന്നാവോ ബലാൽസംഗ കേസിലെ സാക്ഷി യൂനുസിന്റെ കുടുംബം ആത്‌മഹത്യക്ക് ശ്രമിച്ചതായിരുന്നു. ഈ കേസിലെ ഏകസാക്ഷിയായ യൂനുസ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടർന്നാണ് 2018 ഏപ്രിലിൽ ഇദ്ദേഹത്തിന്റെ കുടുംബം യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപം ആത്‌മഹത്യക്ക് ശ്രമിച്ചത്.
2018 ൽതന്നെ മറ്റൊരു സമാന സംഭവം കൂടി റിപ്പോർട്ട് ചെയ്‌തിരുന്നു. മകളെ പീഡിപ്പിച്ച ബിജെപി എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയുടെ പിതാവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയും പിന്നീട് ഇദ്ദേഹം പൊലീസ് കസ്‌റ്റഡിയിൽ മരിക്കുകയും ചെയ്‌തിരുന്നു.
ഇന്നലെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർ കൃത്യസമയത്ത് സ്‌ത്രീയെ തടഞ്ഞുവെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. പിന്നീട് ഗൗതംപള്ളി പോലീസിന് ഇവരെ കൈമാറി. സംഭവത്തിന് മുമ്പ്, അധികൃതർ നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് താൻ ആത്‍മഹത്യ ചെയ്യുമെന്ന് സ്ത്രീ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് ചെയ്‌തിരുന്നു.
ഇവരെ നിലവിൽ, ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അവരുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചും ലൈംഗികാതിക്രമ പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിലെ പോലീസിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ഈ സംഭവം വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു. എന്നാൽ വിഷയത്തിൽ, സംസ്‌ഥാന പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിട്ടില്ല.
KAUTHUKA VARTHA | രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!