ലഖ്‌നൗ: യുപിയിലെ എല്ലാ ഹോട്ടലുകളിലും പാചകക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും മാസ്‌കും കയ്യുറകളും നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തീരുമാനം അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും.
എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്‌ഥാപിക്കുകയും റോഡരികിലെ ധാബ മുതൽ ഉയർന്ന നിലവാരമുള്ള ഭക്ഷണശാലകളിൽ വരെയുള്ള എല്ലാ ജീവനക്കാർക്കും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ വിവാദം കത്തിനിൽക്കെയാണ് ഈ സംഭവവികാസം.
ഭക്ഷ്യസുരക്ഷ ശക്‌തിപ്പെടുത്തുന്നതിന്, ഭക്ഷണശാലകൾ അവയുടെ നടത്തിപ്പുകാരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വ്യക്‌തമായി പ്രദർശിപ്പിക്കുന്നതും കർശനമായ ശുചിത്വ രീതികൾ പാലിക്കുന്നതും നിർബന്ധമാക്കാൻ നിലവിലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാനും യുപി സംസ്‌ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.
ഭക്ഷ്യ സ്‌ഥാപനങ്ങളിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിക്കുന്നത് ഉപഭോക്‌തൃ സുരക്ഷ മാത്രം കണ്ടുകൊണ്ടല്ല, അത് ഭക്ഷണം തയ്യാറാക്കുന്ന സ്‌ഥലങ്ങൾ നിരീക്ഷിക്കാനും അവ ഉപഭോക്‌താക്കൾക്ക് വീക്ഷിക്കാനും സാധിക്കുന്ന രീതിയിലാകണം എന്നതാണ് പുതിയ വ്യവസ്‌ഥ.
പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും ഭക്ഷണ മലിനീകരണത്തിനോ വൃത്തിഹീനമായ രീതികൾക്കോ ഉത്തരവാദികൾ കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് വ്യക്‌തമാക്കി. “ഈ വലിയ മാറ്റങ്ങളിലൂടെ, ഉത്തർപ്രദേശ് അതിന്റെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്നു” – ആദിത്യനാഥ് പറഞ്ഞു.
MOST READ | തൃശൂർ പൂരം കലക്കൽ; റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്