തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്.
റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഇന്നലെ രാത്രിയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. റോഡില്‍ ആളൊഴിഞ്ഞ സ്‌ഥലത്ത് കാത്തുനിന്ന യുവാവ് ഇവരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിൽ റിന്‍സിയുടെ തലക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
ആക്രമണത്തിന് പിന്നാലെ വഴിയാത്രക്കാർ ബഹളം വച്ചപ്പോൾ റിയാസ് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. എറിയാട് ഇളങ്ങരപ്പറമ്പില്‍ നാസറാണ് റിന്‍സിയുടെ ഭർത്താവ്.
Most Read: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ച; കേസെടുത്ത് വനം വകുപ്പും






































