തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പള്ളിക്കെതിരെ കമ്മീഷൻ കേസെടുത്തത്.
സോളാർ അഴിമതി കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞ വാക്കുകളാണ് വിവാദമായത്. സോളാർ കേസ് മുൻനിർത്തി യുഡിഎഫിനെതിരെ സർക്കാർ നീക്കം ശക്തമാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡണ്ടിന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സർക്കാർ മുങ്ങിച്ചാവാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അവരുടെ കഥ കേരളം കേട്ട് മടുത്തതാണ്. ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ മനസിലാക്കാം. അത് പിന്നീട് ആവർത്തിക്കില്ല. ആത്മാഭിമാനമുള്ള സ്ത്രീ ഒരിക്കൽ ഇരയായാൽ മരിക്കും., അല്ലെങ്കിൽ പിന്നീട് ആവർത്തിക്കാതെ നോക്കും” എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.
Related news: കെപിസിസി അധ്യക്ഷന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍







































