കോഴിക്കോട്: സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിന് പരിഹാരം വേണമെന്നും സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്‌തമായ നിലപാട് സ്വീകരിക്കുമെന്നും, സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നും സതീദേവി വ്യക്‌തമാക്കി.
ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വനിതാ കമ്മീഷനെ ഹൈക്കോടതി കക്ഷിചേർത്തതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഹരജിയിൽ വനിതാ കമ്മീഷനെ ഹൈക്കോടതി കക്ഷിചേർത്ത വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.
ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യുമെന്നും സതീദേവി പറഞ്ഞു. സിനിമ ഉൾപ്പടെ എല്ലാ തൊഴിലിടങ്ങളിലും സ്‌ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്നതിനെ കമ്മീഷൻ പൂർണമായും പിന്തുണയ്‌ക്കും. സിനിമാ മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ട്. അതിന് പരിഹാരം വേണം. എന്നാൽ, നിലവിലെ നിയമവ്യവസ്‌ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികൾ നൽകിയവർ മുന്നോട്ട് വരണം. ഏത് തൊഴിൽ മേഖലയിലും ഇതുപോലെ സ്‌ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ട് വരണമെന്നാണ് നിലപാടെന്നും സതീദേവി കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമം ഉൾപ്പടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി വനിതാ കമ്മീഷനെയും കക്ഷി ചേർക്കുകയായിരുന്നു.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം