പാനൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. ഇന്ന് വൈകിട്ട് കണ്ണൂർ പാനൂരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന സ്വീകരണ പരിപാടിയിലെ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്.
അച്ചടക്കത്തോടെയുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കില്ലെന്നുമാണ് വിലക്കിന് കാരണമായി പറയുന്നത്. വനിതാ ലീഗ് പ്രവർത്തകർ ഷാഫിക്ക് അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്ന് നിർദ്ദേശിക്കുന്ന കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ സന്ദേശം പുറത്തായി.
വോട്ടെണ്ണൽ ദിവസം ഷാഫിയുടെ മിന്നും വിജയത്തിൽ വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി ആഘോഷ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വിലക്ക്.
‘ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരിൽ വെള്ളിയാഴ്‌ച സ്വീകരണം നൽകുന്നുണ്ട്. എന്നാൽ, സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്‌ത്രീകൾ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാൽ, ഷാഫി പറമ്പിലിന് അഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും’- ഷാഹുൽ ഹമീദ് ശബ്‌ദസന്ദേശത്തിൽ പറയുന്നു. അനുഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിർദ്ദേശമെന്നും സന്ദേശത്തിലുണ്ട്. വരും മണിക്കൂറുകളിൽ വിഷയം കൂടുതൽ വിവാദമാകാനാണ് സാധ്യത.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!