നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന ഗിന്നസ് റെക്കോർഡ് അവൻ സ്വന്തമാക്കി.
നാലാം വയസുമുതൽ ഫാഷൻ ലോകത്തേക്ക് തനിയെ നടന്നുകയറുക, സഹോദരിക്ക് വേണ്ടി വസ്‌ത്രം ഡിസൈൻ ചെയ്‌ത് നൽകുക… നാലുവർഷം കൊണ്ട് അവൻ നേടിയെടുത്തത് ഗിന്നസ് റെക്കോർഡ് എന്ന വലിയ നേട്ടവും. കുഞ്ഞുനാൾ മുതൽ ഫാഷൻ ലോകത്തോട് അതിയായ ഭ്രമം ഉണ്ടായിരുന്നു മാക്‌സ് അലക്‌സാണ്ടറിന്. നാലാം വയസിൽ ഒരു കാർഡ്ബോർഡ് മാനേക്വിൻ ഉപയോഗിച്ചാണ് സഹോദരിക്കായി അവൻ ആദ്യമായി വസ്‌ത്രം ഡിസൈൻ ചെയ്‌തത്.
കട്ടക്ക് സപ്പോർട്ട് നൽകി മാതാപിതാക്കളും അവന്റെയൊപ്പം ഉണ്ടായിരുന്നു. മാക്‌സിന് വേണ്ടി അവർ മാനേക്വിനുകൾ വാങ്ങി നൽകി. പതിയെ സ്‌റ്റിച്ച് ചെയ്യാൻ മാക്‌സ് പഠിച്ചു. എല്ലാ ദിവസവും അവൻ സ്‌റ്റിച്ച് ചെയ്‌തു. ആരും അവനെയത് പഠിപ്പിച്ചതല്ല. സ്വയം പഠിക്കുകയായിരുന്നു. നാലുവർഷത്തിന് ശേഷം അവനെ ലോകമറിഞ്ഞു. ഏറ്റവും പ്രായംകുറഞ്ഞ ഫാഷൻ ഡിസൈനറെന്ന പേരിൽ.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അമ്മ ഷെറി മാഡിസണിനൊപ്പം പങ്കെടുക്കവേയാണ് നാല് വയസുമുതൽ താൻ വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങിയെന്ന് മാക്‌സ് പറഞ്ഞത്. ഈ കുഞ്ഞുപ്രായത്തിനിടയിൽ ഇതുവരെ നൂറിലധികം കസ്‌റ്റം കോച്ചർ ഗൗണുകൾ തുന്നുകയും റൺവേ ഷോകൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. ഷാരോൺ സ്‌റ്റോൺ, ഡെബ്ര മെസിങ് എന്നീ സെലിബ്രിറ്റികൾ മാക്‌സ് ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങൾ ധരിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച മാക്‌സ്, ലോക റെക്കോർഡ് തന്റെ ഏറ്റവും അഭിമാനകരമായ നേട്ടമാണെന്ന് വ്യക്‌തമാക്കി. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ആശയങ്ങൾ രൂപപ്പെടുത്തുന്നതെന്നാണ് മാക്‌സ് പറയുന്നത്. ഇൻസ്‌റ്റാഗ്രാമിൽ 3.7 മില്യൺ ഫോളോവേഴ്‌സ് ആണ് ഈ ചെറുപ്രായത്തിൽ മാക്‌സിന് ഉള്ളത്.
മാക്‌സിന്റെ ഒമ്പതാം പിറന്നാൾ ദിനത്തിൽ അവന് ആശംസ അറിയിച്ചുകൊണ്ട് അമ്മ കുറിച്ച വരികൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ”നാല് വയസുള്ളപ്പോൾ അവൻ ഒരു കളിപ്പാട്ടം പോലും ആവശ്യപ്പെട്ടില്ല. ഒരു മാനേക്വിൻ ആണ് അവൻ ആവശ്യപ്പെട്ടത്. അവനെ ആരും ഡിസൈൻ ചെയ്യാൻ പഠിപ്പിച്ചില്ല. അത് അവന് അറിയാമായിരുന്നു. നാലരവർഷത്തിനുള്ളിൽ നൂറുകണക്കിന് വസ്‌ത്രങ്ങൾ അവൻ സൃഷ്‌ടിച്ചു.
യുണൈറ്റഡ് നേഷൻസിൽ സംസാരിച്ചു. ഫാഷനിൽ കൂടുതൽ സുസ്‌ഥിരമായ ഒരു ഭാവിക്ക് വേണ്ടി ശബ്‌ദമുയർത്തി. അത് ഒരിക്കലും ശ്രദ്ധാകേന്ദ്രമാകുന്നതിന് വേണ്ടി ആയിരുന്നില്ല. മാക്‌സിനെ സംബന്ധിച്ച് ആളുകളെ കൂടുതൽ മനോഹരമാക്കി മാറ്റുന്നതിനെ കുറിച്ചായിരുന്നു ഇതെല്ലാം. സർഗാൽമകതയ്‌ക്ക് പ്രായമില്ലെന്ന് തെളിയിക്കുന്നതിനെ കുറിച്ചും ഫാഷൻ വ്യത്യസ്‌തമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനെ കുറിച്ചുമായിരുന്നു അതെല്ലാം.
മാക്‌സിന് ഒമ്പത് വയസാകുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേ ഫാഷൻ ഡിസൈനർക്ക് പിറന്നാൾ ആശംസകൾ. സർഗാൽമകതയിൽ ഏർപ്പെടുകയും പ്രചോദനം നൽകുകയും ചെയ്യുക”- പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ കുറിച്ചു.
Most Read| ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി ട്രംപ്; നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ്